Saturday, June 1, 2013

ജണ്‍ 5, ലോകപരിസരദിനം പ്രസംഗക്കുറിപ്പ്



പ്രിയ കൂട്ടുകാരേ,
വീണ്ടും ഒരു പരിസരദിനം വരികയാണ്.ജൂണ്‍ അഞ്ചിനാണ് ലോകം പരിസരദിനം ആയി ആഘോഷിക്കുന്നത്. നമ്മുടെ പരിസ്ഥിതി,നമ്മുടെ പ്രദേശത്ത് വിശേഷിച്ചായാലും ലോകത്ത് മൊത്തത്തിലായാലും, വലിയ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുയാണ്. വായു,ജലം,മണ്ണ് എന്നിവയുടെ മലിനീകരണം , അന്തരീക്ഷ താപനം ,വനം നശീകരണം,പുഴമണല്‍ വാരല്‍ ,വയല്‍നികത്തല്‍ ,എന്നിങ്ങനെ നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരോ ദിനവും ഉയര്‍ന്ന് വരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പരിസരദിനാചരണം നടത്തുന്നത്.1972 ല്‍ സ്റ്റോക്ക് ഹോമില്‍ ചേര്‍ന്ന ആഗോള പരിസ്ഥിതി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഈ ദിനാചരണം നടത്തുന്നത്. ഈ ദിവസം പരിസ്ഥിതി സംബന്ധമായ വിഷയങ്ങളേ സംബന്ധിച്ച് വിവിധ പഠനങ്ങളും സെമിനാറുകളും ചര്‍ച്ചകളും ക്ളാസ്സുകളും ഒക്കെ നടക്കും. ഭരണാധികാരികള്‍,സന്നദ്ധപ്രവര്‍ത്തകര്‍, ശാസ്ത്രഞ്ജര്‍, ജനകീയ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇത്തരം പരിപാടികളില്‍ ഏര്‍പ്പെടുന്നു.ലോകം നേരിടുന്ന വിവിധ പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ളവഴി ഇത്തരം കൂട്ടായ അന്വേഷണങ്ങള്‍ തന്നെയാണ്.ആഗോളതലത്തില്‍ ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതിപരിപാടിയായ യു എന്‍ ഇ പി (united nations environment programme) യാണ് പരിസര ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യത്തിനായി ഒരോ വര്‍ഷവും ഓരോ സവിശേഷ വിഷയം തെരഞ്ഞെടുത്ത് , അതിന്റെ അടിസ്ഥാനത്തിലായിരിക്കും ദിനാചരണം നടക്കുക. യു എന്‍ ഇ പി ഒരോ വര്‍ഷവും തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അതാത് കാലത്ത് മാത്രമല്ല വരും കാലത്തും പ്രസക്തവും പ്രധാനവുമായിരിക്കും. ആഗോള താപനം,നഗരമാലിന്യങ്ങള്‍, സമുദ്രങ്ങളുടെ ആരോഗ്യം, ഹരിത സമ്പദ് വ്യവസ്ഥ,കര്‍ബ്ബണ്‍ രഹിതലോകം എന്നിവയൊക്കെ വിവിധ കാലത്ത് പരിസര ദിനാചരണത്തിന്റെ വിഷയങ്ങളായി ഭവിച്ചിട്ടുണ്ട്.
ഇക്കൊല്ലം പരിസരദിനാചരണത്തിന് യു എന്‍ ഇ പി നിര്‍ദ്ദേശിച്ചിട്ടുള്ള വിഷയം "ചിന്തിക്കുക , തിന്നുക , സംരക്ഷിക്കുക ; നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക" എന്നതാണ്. ഇംഗ്ലീഷില്‍ ആണ് ഈ മുദ്രാവാക്യം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇംഗ്ലീഷില്‍ കേള്‍ക്കുമ്പോളാണ് അതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാനും ഭാഷാപരമായ ഭംഗി പൂര്‍ണ്ണമായി ആസ്വദിക്കാനും കഴിയുന്നത്. Think Eat Save ; Reduce your food print എന്നാണ് ഇംഗ്ലീഷിലുള്ള മുദ്രാവാക്യം.രണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലേ ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാവുകയുള്ളൂ. ആദ്യത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് ഒരു ഇംഗ്ലീഷ് വാക്യമാണ് അര്‍ത്ഥമാക്കുന്നത്. Think before you eat for save your nature എന്നാണത്. പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി തിന്നുന്നതിന്മുമ്പ് ചിന്തിക്കുക എന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്താം.അതിന്റെ അര്‍ത്ഥമെന്തെന്ന് വഴിയേ വിശദീകരിക്കാം. food printഎന്ന വാക്കിനെ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കും ? foot print എന്ന് കേട്ടിട്ടുണ്ടാവും.കാല്‍പ്പാട് എന്നര്‍ത്ഥം.നമ്മള്‍ നടക്കുമ്പോള്‍ മണ്ണില്‍ പതിയുന്ന അടയാളമാണ് കാല്‍പാടുകള്‍ . നാം ഭക്ഷണം കഴിക്കുമ്പോഴും പ്രകൃതിയില്‍ ഒരു മുദ്ര പതിപ്പിക്കുന്നുണ്ട്. ഭക്ഷണം നാം പ്രകൃതിയില്‍ നിന്നാണല്ലോ ഉത്പ്പാദിപ്പിക്കുന്നത്? അതിനുള്ള വിഭവങ്ങള്‍ ഉത് പാദിപ്പിക്കുമ്പോഴും പിന്നീടത് ഭക്ഷണമായി മാറുമ്പോഴും ഒക്കെ പ്രകൃതിയില്‍ ആഘാതം ഉണ്ടാക്കുന്നുണ്ട്. കാല്‍പ്പാട് പോലെ ഒരടയാളം പതിക്കുന്നു എന്ന് കരുതിക്കോളൂ. ഈ അടയാളമാണ് തീറ്റപ്പാട് . അതൊരു പുതിയ പദമാണ്.ഈ അടയാളം വളരെ ആഴത്തിലുള്ളതാണെങ്കില്‍ അത് മാഞ്ഞ് പോകില്ല. മനോഹരമായ തറയില്‍ നമ്മുടെ കാല്‍പ്പാട് പതിഞ്ഞിട്ട് അത് മാഞ്ഞ് പോയില്ലെങ്കില്‍ തറയുടെ ഭംഗി നഷ്ടപ്പെടില്ലേ? പ്രകൃതിയില്‍ നമ്മള്‍ ഉണ്ടാക്കുന്ന പാടുകള്‍ മായുന്നതാവണം. അപ്പോഴേ പ്രകൃതി അതിന്റെ സ്വാഭാവിക തനിമയും ആരോഗ്യവും വീണ്ടെടുക്കുകയുള്ളൂ എന്നാണ് ഈ മുദ്രാവാക്യംനമ്മോട് പറയുന്നത്.
ചിന്തിക്കുക, തിന്നുക,സംരക്ഷിക്കുക എന്നീ പദങ്ങള്‍ക്ക് കുറച്ച്കൂടി വിപുലമായ അര്‍ത്ഥം കല്‍പിക്കാം . ചിന്തിക്കുക(think)എന്ന പദം എടുക്കുക. എന്തിനെക്കുറിച്ചൊക്കെ ചിന്തിക്കണം എന്നതാണ് ഒന്നാമത്തേത്. ആദ്യമായി ഭക്ഷണത്തെപ്പറ്റിത്തന്നെ. ഭക്ഷണം ഉത്പ്പാദിപ്പിക്കുന്നതിനെക്കുറിച്ച്, അതിനു വേണ്ടി വരുന്ന വിഭവങ്ങളെക്കുറിച്ച്, അതിനായി നീക്കിവയ്ക്കുന്ന അദ്ധ്വാനത്തെക്കുറിച്ച്, ഭൂമിയിലെല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച്, നിങ്ങള്‍ ഭക്ഷണം കഴിക്കുക്കുമ്പോഴും ആവശ്യത്തിലേറെ ഉപയോഗിച്ച് പാഴാക്കുമ്പോഴും അത് കിട്ടാതെ വരുന്ന ലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് ഒക്കെ ചിന്തിക്കണം. ഇനി രണ്ടാമത്തെ വാക്ക് എടുക്കുക.ആത് ഭക്ഷിക്കുക (eat) എന്ന് തന്നെയാണ്.ഇവിടെ സാധാരണാര്‍ത്ഥത്തിലുള്ള ഭക്ഷണം കഴിക്കല്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. എല്ലാത്തരം ഉപഭോഗവും ഇവിടെ അര്‍ത്ഥമാക്കുന്നു. അത് ഭക്ഷണമാകാം,വെള്ളമാകാം, വീട് നിര്‍മ്മിക്കാനുള്ള മണ്ണും കമ്പിയും സിമന്റുമാകാം,മോട്ടോര്‍ വാഹനങ്ങളാകാം.ജീവിതത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എന്തുമാകാം.അവയെല്ലാം അവധാനതയോടെ മാത്രമേ ഉപയോഗിക്കാവൂ എന്നാണിവിടെ അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ ആദ്യം പറഞ്ഞ ചിന്തിക്കുക എന്ന വാക്കിനും കുറച്ച്കൂടി വിപുലമായ അര്‍ത്ഥമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ? ഇതിന്റെ തുടര്‍ച്ചയാണ് സംരക്ഷിക്കുക (save)എന്ന പദം.ഭക്ഷണം പാഴാകരുത് എന്ന് ആദ്യത്തെ അര്‍ത്ഥം പറയാം.അതുകൊണ്ട് അതവസാനിക്കുന്നില്ല. ഭുമിയിലെ സമസ്തവസ്തുക്കളും ചിന്താപുര്‍വമായ ഉപയോഗത്തോടെ സംരക്ഷിക്കണം എന്നാണര്‍ത്ഥം .

ഇങ്ങനെയൊക്കെയാണെങ്കിലും ലളിതമായിപ്പറഞ്ഞാല്‍ ഭക്ഷണത്തെക്കുറിച്ചാണ് ഇക്കൊല്ലത്തെ പരിസരദിനമുദ്രാവാക്യം.അതില്‍ത്തന്നെ ഭക്ഷണം പാഴാക്കുന്നതിനേക്കുറിച്ചാണ് മുഖ്യമായും ഊന്നുന്നത്. ലോകത്താകെ 130 കോടി ടണ്‍ ഭക്ഷണമാണ് ഓരോ വര്‍ഷവും പാഴാകുന്നതെന്ന് യു എന്‍ ഇ പി യുടെ കണക്കുകള്‍ പറയുന്നു. അതേസമയം ആഗോളജനസംഖ്യയുടെ ഏഴിലൊന്ന് പേര്‍ -അതായത് നൂറ് കോടി മനുഷ്യര്‍-പട്ടിണിക്കാരാണ്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള 20,000 കുട്ടികളാണ് ഒരോ വര്‍ഷവും ഭക്ഷണം കിട്ടാതെ മരിക്കുന്നത്. 2050 ആകുമ്പോള്‍ ലോകജനസംഖ്യ 900 കോടിയായി ഉയരും എന്നാണ് ഇപ്പൊഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഭക്ഷണത്തിന് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകാന്‍ പോകുന്നു എന്നര്‍ത്ഥം.
നൂറ് കോടി പട്ടിണിക്കരുള്ള ലോകത്ത് 130 കോടി ടണ്‍ ഭക്ഷണം പാഴാകുന്നതെന്തുകൊണ്ട്,എന്ന ചോദ്യം ചോദിക്കാതെ തരമില്ല. ഭക്ഷണം പാഴാക്കുക എന്നു പറഞ്ഞാല്‍ വിവിധതരം വിഭവങ്ങള്‍ പാഴാകുക എന്നു കൂടി അര്‍ത്ഥമുണ്ട്. ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ഇതിലൂടെ പാഴാകുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ എന്തെല്ലാം വേണം? തീര്‍ച്ചയായും കൃഷി നടക്കണം, അതിന് ഭൂമി വേണം, വളവും കീടനാശിനിയും വേണം , അവ ഉണ്ടാക്കുന്നത് രാസവസ്തുക്കള്‍ കൊണ്ടാണ്,അപ്പോള്‍ വ്യവസായങ്ങളും വേണം,കൃഷിക്ക് തിര്‍ച്ചയായും വെള്ളം വേണം. ഇനി നോക്കൂ, ഭക്ഷണം പാഴാകുക എന്ന് പറഞ്ഞാല്‍ ഇവയെല്ലാം പാഴാകുക എന്ന് കൂടി അര്‍ത്ഥമുണ്ട്.ഭുമിയില്‍ ആകെയുള്ള വാസയോഗ്യമായ കരയുടെ 25% വും ഉപയോഗിക്കുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്കാണ്. ആകെയുള്ള ശുദ്ധജലത്തിന്റെ 70%വും ഭക്ഷണം ഉത്പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. 80% വന നശീകരണത്തിന്റേയും കാരണം ഭക്ഷ്യോത്പ്പാദനമാണെന്ന് യു എന്‍ ഇ പി പറയുന്നു. ആഗോള താപനത്തിന് കാരണമാകുന്ന ഹരിത വാതകോത്സര്‍ജ്ജനത്തിന്റെ 30% ത്തിനും കാരണമാകുന്നത് ഭക്ഷ്യോത്പ്പാദനം തന്നെ. അതാണ് ആദ്യം പറഞ്ഞത്, ഭക്ഷ്യോത്പ്പാദനം പ്രകൃതിയില്‍ വലിയ അടയാളങ്ങള്‍ -അതായത് തീറ്റപ്പാട് സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഉണ്ടാകുന്ന ഭക്ഷണമാണ് നഷ്ടപ്പെത്തുന്നത്. ഫ്രഡറിക് ഏംഗല്‍സ് എന്ന ചിന്തകന്‍ പറഞ്ഞ ഒരു വക്യം ഇവിടെ പ്രത്യേകം ഓര്‍മ്മിക്കാവുന്നതാണ് . മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും പ്രകൃതിയില്‍ നിന്ന് ആഹാരം ശേഖരിക്കുക മാത്രം ചെയ്യുമ്പോള്‍ മനുഷ്യന്‍ മാത്രമാണ് പ്രകൃതിയില്‍ അദ്ധ്വാനിച്ച് ആഹാരം ഉത്പ്പാദിപ്പിക്കുന്നത്. അങ്ങനെ മനുഷ്യന്‍ പ്രകൃതിയെ മാറ്റിമറിക്കുന്നു. ഇപ്പോഴാകട്ടെ അങ്ങനെ ഉത്പ്പാദിപ്പിക്കുന്ന ആഹാരം നാം പാഴാക്കുകയും ചെയ്യുന്നു. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ , ഒരു കഷണം റൊട്ടി ഉത്പാദിപ്പിക്കുമ്പോഴൊക്കെ നമ്മള്‍ ഈ രീതിയില്‍ പ്രകൃതിയെ മാറ്റിമറിക്കുകയാണ്.

വികസിതരാജ്യങ്ങളിലാണ് ഭക്ഷണം കൂടുതലും പാഴാകുന്നത്. അമേരിക്കയില്‍ അവര്‍ ഒരു വര്‍ഷം ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 30% പാഴാക്കുന്നു. ഏകദേശം 4830 കോടി ഡോളര്‍ വിലയ്ക്കുള്ള ഭക്ഷണമാണത്. യു കെ യും അങ്ങനെ തന്നെ. 2.17 കോടി ടണ്‍ ഭക്ഷണമാണ് അവരുടെ ഒരു വര്‍ഷത്തെ ഉത്പ്പാദനം അതില്‍ 67 ലക്ഷവും പാഴാക്കുന്നു. ഏകദേശം 31 %. അമേരിക്കയിലെ 30% എന്നത് 22.2 കോടി ടണ്‍ ആണ്. ഇതിന്റെ കൂടെ കുറച്ചുകൂടി ചേര്‍ ത്താല്‍ - ഒരു 30 കോടി ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടെങ്കില്‍ സബ്- സഹാറന്‍ ആഫ്രിക്കയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിശപ്പടക്കാന്‍ തികയുമത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും വ്യത്യസ്ഥ ഘട്ടങ്ങളിലാണ് ഭക്ഷണം നഷ്ടപ്പെടുന്നത്. വികസ്വര രാജ്യങ്ങളില്‍ കാര്‍ ഷിക ഉത്പ്പന്നങ്ങള്‍ ഭക്ഷണമായി മാറുന്ന ഘട്ടത്തിലാണത്രേ കൂടുതലും പാഴാകുന്നത്. വികസിത രാജ്യങ്ങളിലാണെങ്കില്‍ ഭക്ഷണം ഉത്പ്പാദിപ്പിച്ച് പായ്ക്ക് ചെയ്ത് കഴിഞ്ഞാണ്- അതായത് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന പായ്ക്കറ്റ് ഭക്ഷണം - പാഴാകുന്നത്. അവര്‍ വലിയ നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. കാരണം കൂടുതല്‍ വിഭവങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തുന്നു. ഭക്ഷണം നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതിയും,അവിടുത്തെ തൊഴിലാളികളുടെ അദ്ധ്വാനവും എല്ലാം അവിടെ പാഴാകുന്നു. പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക്ക് ഒരു മാലിന്യമായിത്തീരുകയും ചെയ്യുന്നു. ഭക്ഷണം പാഴാകുന്നതിന്റെ കാരണമെന്താണ്?പയ്ക്കറ്റ് ഭക്ഷണം വാങ്ങുന്നത് ഒരു കാരണമാണ്. നമൂക്കവശ്യമുള്ള അളവിലല്ല അപ്പോള്‍ നാം വാങ്ങുന്നത്. ഒരു പായ്ക്കറ്റ് വാങ്ങാന്‍ നാം നിര്‍ബന്ധിതരാവും. ഒരു പരിപ്പുവട കഴിക്കണമെങ്കില്‍ ഗ്രാമത്തിലെ ഒരു ചായപ്പീടികയില്‍ നിന്ന് ഒരെണ്ണം വാങ്ങാന്‍ കഴിയും. നഗരത്തിലെ വന്‍ കിട മാളില്‍ നിന്നാണെങ്കിലോ? അഞ്ചോ ആറോ വട അടങ്ങിയ ഒരു പായ്ക്കറ്റ് വാങ്ങേണ്ടിവരും. അതായത് മനുഷ്യര്‍ വാങ്ങിത്തീനികളകുന്നതാണ് ഒരു പ്രശ്നം.യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉണ്ടാക്കിത്തീനികളാകുകയാണ് വേണ്ടത്. ഇത് ഇപ്പോള്‍ വളര്‍ന്നു വരുന്ന ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാണ്. വേറെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതശൈലിയാണ് ഭക്ഷണം നഷ്ടപ്പെടാനുള്ള കാരണം .
അവസാനമായി, പഴാകുന്ന ഭക്ഷണം നമ്മെ എങ്ങനെ ബാധിക്കുന്നു എന്നു കൂടി നോക്കാം . അത് കത്തിച്ച് കളയുകയാണ് പല രാജ്യങ്ങളിലും ചെയ്യുന്നത്. അപ്പോള്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡ് ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. കത്തിക്കുന്നില്ലെങ്കില്‍ അത് ജീര്‍ണ്ണിക്കും. അപ്പോള്‍ മീഥേന്‍ ആയിരിക്കും ഉണ്ടാവുക .രണ്ടായാലും ആഗോളതാപനത്തിന് അത് കാരണമാകും. പണവും വിഭവങ്ങളും അദ്ധ്വാനവും ചെലവാക്കി ഭക്ഷണം ഉത്പാദിപ്പിക്കുകയും അത് പാഴാക്കി ആഗോളതാപനത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ സ്വഭാവമാണ് നാം കാണിക്കുന്നത്. എല്ലാത്തരം പ്രകൃതിവിഭവങ്ങളും നമ്മള്‍ വലിയ തോതില്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുകയാണ്. ഇത് മറ്റ് ജീവികളുടെ നിലനില്‍പ്പിനെപ്പോലും ബാധിക്കുന്നു. പക്ഷികള്‍ , സസ്തനികള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ വംശനാശ നിരക്ക് വ്യവസായ വിപ്ളവത്തിന് മുമ്പുണ്ടയിരുന്നതിനേക്കാള്‍ 100 മുതല്‍ 1000 വരെ മടങ്ങ് കൂടുതലാണിപ്പോള്‍. ഇതാണ് യഥാര്‍ത്തിലുള്ള നമ്മുടെ തീറ്റപ്പാട് .അതു കുറയ്ക്കാതെ തരമില്ല. ചോറുണ്ണുമ്പോള്‍ താഴെ വീണ് പോകാവുന്ന വറ്റ് കുത്തിയെടുത്ത് കഴുകികഴിക്കാന്‍ ഭക്ഷണ സമയങ്ങളില്‍ അടുത്ത് ഒരു സൂചിയും ഒരു പാത്രം വെള്ളവും സൂക്ഷിച്ചിരുന്ന തിരുവള്ളുവര്‍ നമുക്ക് മാതൃകയാകേണ്ടതാണ്.വീട്ടില്‍ നിന്നായാലും പുറമേ നിന്നായാലും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, ഏറിയാല്‍ നമ്മുടെ നാട്ടിലുണ്ടാക്കുന്ന ഭക്ഷണം ആണ് നാം ഉപയോഗിക്കേണ്ടത്. ഭക്ഷണം ദൂരെ നിന്ന് വരുമ്പോള്‍ അത് സംസ്കരിക്കുക, പായ്ക്ക് ചെയ്യുക , വാഹനങ്ങളില്‍ കടത്തിക്കൊണ്ട് വരിക എന്നിങ്ങനെ വിവിധതരം പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇതൊക്കെ നമ്മുടെ തീറ്റപ്പാടിനെ കൂടുതല്‍ ആഴത്തിലുള്ളതാക്കുകയാണ്. ഇപ്പോഴാണെങ്കില്‍ മഴയും വെള്ളവും കുറഞ്ഞുവരികയാണ്. വെള്ളം പോലും കച്ചവടച്ചരക്കാക്കി മാറ്റാന്‍ ഒരുപാട് പേര്‍ ശ്രമിക്കുന്നുണ്ട്. കുടിവെള്ളം വിറ്റ് ലാഭമുണ്ടാക്കാന്‍ വലിയ കമ്പനികള്‍ വരുന്നുണ്ടത്രേ. ജീവിതം കൂടുതല്‍ ദുരിതപുര്‍ണ്ണമാക്കുന്ന നടപടികളാണിവയെല്ലാം . അവയ്ക്കെല്ലാമൊപ്പം ഭക്ഷണം പാഴാകുന്നതിന്റെ പ്രശ്നങ്ങളൂം .അത് തടഞ്ഞേ മതിയാകൂ.

നമുക്ക് വീടുകളില്‍ ചെയ്യാവുന്ന ചില ചെറിയകാര്യങ്ങളുണ്ട്.ചെറുതാണെങ്കിലും അവ നിസ്സാരമല്ല. പലപ്പോഴും അമ്മമാര്‍ ഭക്ഷണം വിളമ്പി വച്ചിട്ട് വിളിക്കും .പലപ്പോഴും കുട്ടികളും പുരുഷന്മാരും മറ്റ് പണികളില്‍ വ്യാപൃതരായിരിക്കും. വിളമ്പി വച്ച് ഭക്ഷണം ഉടനെ കഴിക്കുക എന്നത് പ്രധാനമായ കാര്യമാണ്. അല്ലാത്തപക്ഷം അത് തണുത്ത് പോവുകയോ സ്വാദ് നഷ്ടപ്പെടുകയോ ചെയ്യാം .ഭക്ഷണം പാഴാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിങ്ങനെയാണ്.യഥാര്‍ത്ഥത്തില്‍ വിശക്കുമ്പോള്‍ സ്വയം ഭക്ഷണം വിളമ്പിക്കഴിക്കുകയാണ് വേണ്ടത്. ആവശ്യത്തിന് മാത്രം ഭക്ഷണം വിളമ്പിയെടുക്കാന്‍ ശീലിക്കണം. പാത്രം സ്വയം കഴുകി വയ്ക്കുകയും വേണം.കേരളത്തില്‍ വെള്ളം പാഴാകുന്നതിനേക്കുറിച്ച് ഇതിനോടകം ധാരളം വാര്‍ ത്തകള്‍ വന്നിട്ടുണ്ട്. വെള്ളം ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം;പാത്രം കഴികുമ്പോഴും കൈയും വായുംവൃത്തിയാക്കുമ്പോഴും.വെള്ളത്തിന്റെ ബഹുതല ഉപയോഗം എന്നൊരു സങ്കല്‍പ്പമുണ്ട്. മേല്‍പ്പറഞ്ഞ അവസരങ്ങളില്‍ ഉപയോഗിച്ച വെള്ളം പൂച്ചെടിയുടെ ചുവട്ടിലോ അടുക്കളത്തോട്ടത്തിലേയ്ക്കോ എത്തണം.
ഭക്ഷണവും വെള്ളവും സംരക്ഷിക്കുന്നത് പോലെ തന്നെ മറ്റ് ഉപഭോഗവസ്തുക്കളും ഇന്ധനവുമൊക്കെ സംരക്ഷിക്കപ്പെടണം.വ്യക്തിപരമായി നമുക്ക് വളരെ ചെറിയ കാര്യങ്ങളേ ചെയ്യാന്‍ കഴിയൂ. വലിയമാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരുകളും ഔദ്യോഗിക സംവിധാനങ്ങളും തന്നെ മുന്നിട്ടിറങ്ങണം. എന്നാലും നമുക്ക് ചെയ്യാവുന്നത് നമ്മള്‍ ചെയ്യുകതന്നെ വേണം.