Friday, May 10, 2013


അമ്പതുവര്‍ഷം പിന്നിടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനം



ഡോ. കെ.പി. കണ്ണന്‍




പുത്തനറിവുകളെ ജനകീയവത്കരിക്കുകയും പല വിഷയങ്ങളിലും
ബദല്‍കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്ത ശാസ്ത്രസാഹിത്യ
പരിഷത്തിന്റെ സംഭാവനകള്‍ ഗണ്യമാണ്. ജനകീയ ശാസ്ത്രപ്രസ്ഥാനം
എന്ന നിലയ്ക്ക് ഇനിയും സംഘടനയ്ക്ക് വിഷയങ്ങള്‍ ഏറ്റെടുക്കാനുണ്ട്



കേരള ശാസ്ത്രസാഹിത്യപരിഷത്ത് അതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഈ സമയത്ത് അതിന്റെ ദര്‍ശനവും പ്രവര്‍ത്തനങ്ങളും കേരള സമൂഹത്തെയും പുറംസമൂഹത്തെയും എങ്ങനെ സ്വാധീനിച്ചു, അല്ലെങ്കില്‍ സ്വാധീനിക്കുന്നുവെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. 1975 മുതല്‍ 1990 വരെ ഞാന്‍ അതിലെ സക്രിയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് പരിഷത്തിന്റെ ഒരു സുഹൃത്തായി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടയ്ക്ക് സഹായിക്കുകയും അങ്ങനെ ചെയ്യുമ്പോള്‍തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്വയംവിമര്‍ശനം എന്നരീതിയില്‍ പലപ്പോഴും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ആ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.

അല്പം ചരിത്രം


മലയാളത്തില്‍ ശാസ്ത്രസാഹിത്യം വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടി ഏതാനും ശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുടെയും സംഘമായിട്ട് 1962-ല്‍ രൂപവത്കരിച്ച കേരള ശാസ്ത്രസാഹിത്യപരിഷത്ത് 1978 ആകുമ്പോഴേക്കും ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം നയിക്കുന്ന ഒരു സംഘടനയായി വളര്‍ന്നു. സൈലന്റ്‌വാലി പദ്ധതിക്കെതിരെ നിലപാടെടുത്തുകൊണ്ട് കേരളത്തിന്റെ ഊര്‍ജരംഗത്ത് പുതിയൊരു പരിപ്രേക്ഷ്യം അവതരിപ്പിക്കുകവഴിയാണ് പരിഷത്ത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. പിന്നീട് പരിസ്ഥിതിപ്രശ്‌നങ്ങളുടെ പഠനത്തിനുവേണ്ടി കാര്യമായി പ്രയത്‌നിച്ചു. അതനുസരിച്ച് വികസനമെന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതേവരെ രൂഢമൂലമായ വികസനപരിപ്രേക്ഷ്യം മാറ്റി പുതിയൊരുതലത്തില്‍ ചിന്തിക്കണമെന്നും പരിഷത്തും വാദിച്ചു. ഒപ്പം പരിഷത്ത് അംഗങ്ങളായ അധ്യാപകരുടെ സഹായത്തോടെ സ്‌കൂളുകള്‍ അടിസ്ഥാനമാക്കി കുട്ടികളുടെ ഇടയില്‍ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനും പരിഷത്തിന് കഴിഞ്ഞു. ആരോഗ്യരംഗത്ത് ഡോക്ടര്‍മാരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും സഹായത്തോടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതിനുവേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളുമായിച്ചേര്‍ന്ന് ജനകീയ ആരോഗ്യപ്രസ്ഥാനത്തിന് രൂപംകൊടുത്തു. അഖിലേന്ത്യാ തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ രൂപവത്കരിച്ച ജ്ഞാനവിജ്ഞാനസമിതി (ബി.വി.ജി.എസ്.) അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും രൂപം നല്കി. ഊര്‍ജരംഗത്ത്, പ്രത്യേകിച്ച് കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംവാദത്തിലൂടെ ബദല്‍മാര്‍ഗങ്ങള്‍ക്ക് തുടക്കമിട്ടതും 1970-കളുടെ മധ്യത്തോടെയാണ്. ഇതിനൊക്കെ പുറമേയാണ് വികേന്ദ്രീകൃത ചട്ടക്കൂടിലുള്ള ഒരു വികസന പരിപ്രേക്ഷ്യത്തിന് ശ്രമിച്ചതും ഗ്രാമശാസ്ത്രപരിഷത്ത് എന്ന കൂട്ടായ്മ ഉണ്ടാക്കിയതും. ഈയൊരു അടിത്തറ ഉണ്ടാക്കിയ അവബോധത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പരിഷത്ത്, പഞ്ചായത്ത് രാജിനെ ശക്തിപ്പെടുത്താന്‍ പലതലങ്ങളില്‍ ഇടപെട്ട് മാതൃകകള്‍ ഉണ്ടാക്കിവരികയും ചെയ്യുന്നു. ഈ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ പരിഷത്ത് ഒരു പുസ്തകവിപ്ലവംതന്നെ നടത്തി എന്നുപറയുന്നത് അതിശയോക്തിയാവില്ല. കലാജാഥകളില്‍ക്കൂടിയും വീടുവീടാന്തരം കയറിയിറങ്ങിയും സ്‌കൂള്‍, കോളേജ് തലത്തില്‍ പ്രവര്‍ത്തിച്ചും പ്രചാരണത്തിന് പലവിധ സംവിധാനങ്ങള്‍ അവര്‍ കൊണ്ടുവന്നു.


എടുത്തുപറയേണ്ട വ്യക്തികള്‍


പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും ശാസ്ത്രത്തിലെപുത്തനറിവുകളെ ജനകീയവത്കരിക്കുന്നതിനും അതുവഴി ചിന്താമണ്ഡലത്തില്‍ സമൂലപരിവര്‍ത്തനം (പാരഡൈം ഷിഫ്റ്റ്) വരുത്തുന്നതിനും പങ്കുവഹിച്ച പ്രധാനവ്യക്തികള്‍ ആരെന്ന് ചോദിച്ചാല്‍ എന്റെ മനസ്സില്‍ വരുന്നത് മൂന്ന് പേരുകളാണ്. യശശ്ശരീരനായ പി.ടി. ഭാസ്‌കരപ്പണിക്കര്‍, ഡോ. എം.പി. പരമേശ്വരന്‍, പ്രൊഫ. എം.കെ. പ്രസാദ് എന്നിവരാണവര്‍. ഒരു ജനകീയപ്രസ്ഥാനമാക്കുന്നതിന് അടിത്തറയിടുന്നതിനും അനേകം അധ്യാപകരെ പരിഷത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പി.ടി.ബി. വഹിച്ച പങ്ക് വളരെ വലുതാണ്. എം.പി. ഈയൊരു അടിത്തട്ടിനെ വിപുലീകരിക്കാനും ശാസ്ത്രവിഷയ സംബന്ധിയായ അറിവുകളെ കൂടുതല്‍ ജനകീയവത്കരിക്കാനും സഹായിച്ചു. പുസ്തകപ്രസാധനരംഗത്ത് ഒരു കുതിച്ചുചാട്ടം നടത്താനും കാരണക്കാരനായി. വരാന്‍ പോകുന്ന ഊര്‍ജപ്രതിസന്ധിയെക്കുറിച്ച് എഴുപതുകളില്‍ത്തന്നെ താക്കീത് കൊടുക്കുകയും ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് നിര്‍ദേശിക്കുകയും ചെയ്തയാളാണ് അദ്ദേഹം.

താന്‍ വിശ്വസിച്ച അടിസ്ഥാനപ്രമാണങ്ങള്‍ കൈവിടാതെ അതേസമയം, ഗാന്ധിദര്‍ശനത്തിന്റെ കൂട്ടുപിടിച്ച് പുതിയൊരു ലോകം സ്വപ്നംകാണുകയും അതിനൊരു സൈദ്ധാന്തിക രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. വ്യക്തിപരമായി ഇതിനദ്ദേഹം കൊടുക്കേണ്ടിവന്ന വില പുരോഗമന ജനാധിപത്യമാണെന്ന് അവകാശപ്പെടുന്ന ഈ സമൂഹത്തിന് ചേര്‍ന്നതല്ല. എം.കെ.പി. എന്നറിയപ്പെടുന്ന എം.കെ. പ്രസാദ് പരിസ്ഥിതിയെ സംബന്ധിച്ചുള്ള തന്റെ അറിവുകളും ആശയങ്ങളും പരിഷത്തിനുള്ളിലും പുറത്തും ശക്തമായി അവതരിപ്പിക്കുകയും പിന്നീട് അവയ്ക്ക് ജനകീയമായ ഒരു സ്വത്വം നല്കാന്‍ സഹായിക്കുകയുംചെയ്ത അതികായനാണ്. വികസനത്തെക്കുറിച്ചുള്ള സംവാദം പരിസ്ഥിതിയെക്കുറിച്ചുംകൂടിയുള്ളതാണെന്ന ആശയം ഇന്ന് കേരളത്തില്‍ സാധാരണമാണെങ്കില്‍ അതിന്റെ ഒരു പ്രധാന, ആദ്യകാല കാരണക്കാരന്‍ എം.കെ.പി. ആണ്. ഇതുമൊരു പാരഡൈം പരിവര്‍ത്തനംതന്നെ. ഇവരോടൊപ്പം നില്‍ക്കാന്‍ ഇനിയും വ്യക്തികളില്ലെന്ന് ഇവിടെ ധ്വനിയില്ല. പുത്തന്‍ 'വിത്തുകള്‍' പാകി പുതിയൊരു 'കൃഷിസംസ്‌കാരം' ഉണ്ടാക്കിയ മുന്‍ഗാമികളായതുകൊണ്ടാണ് ഇവര്‍ വ്യത്യസ്തരാകുന്നത്.

പരിഷത്ത് എന്ന ബദല്‍ പ്രതിരോധശക്തി


പല സുഹൃത്തുക്കളും പ്രത്യേകിച്ച് മാധ്യമരംഗത്തുള്ളവര്‍ പരിഷത്തിനെ വീക്ഷിക്കുന്നത് ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ ഒരു 'പോഷകസംഘടന'യായിട്ടോ കളിയാക്കുന്നത് 'വാലായിട്ടോ' ആണ്. ഒരുതരത്തില്‍ ഇതിനെയൊരു ആക്ഷേപമായി കണക്കാക്കാനേപറ്റൂ. പരിഷത്ത് സ്വീകരിച്ചിട്ടുള്ള ദാര്‍ശനികയിടം ലളിതമായി പറഞ്ഞാല്‍ വിശാലമായ ജനാധിപത്യ,വികേന്ദ്രീകൃത ഇടതുപക്ഷ ചട്ടക്കൂടാണെന്ന് പറയാം. സ്വാഭാവികമായും അതില്‍ ജനകീയത വാക്കിലും പ്രവൃത്തിയിലും ഉണ്ടാവും. അതേസമയം, കേരളത്തിന്റെ രാഷ്ട്രീയസാഹചര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റേതായ ഒരു ആശ്രിതത്വമാണ് ഈ ആക്ഷേപത്തിന് അടിസ്ഥാനം എന്നും പറയുന്നു. കേരളത്തില്‍ പ്രത്യക്ഷമായി രാഷ്ട്രീയചായ്‌വോ പ്രതിപത്തിയോ ഇല്ലാത്തവര്‍ കുറവാണെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. മുന്‍കാലങ്ങളില്‍ പൊതു ഇടതുതലം എന്നുപറയാവുന്ന അതേസമയം, പല രാഷ്ട്രീയകക്ഷികളില്‍പ്പെടുന്നവരും അല്ലാത്തവരുമായ അംഗങ്ങള്‍ പരിഷത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് കൃത്യമായി എനിക്കറിയില്ല. പക്ഷേ, ഞാന്‍ താത്പര്യപ്പെടുന്നത് ഈ പൊതു ഇടതുതലം നിലനിര്‍ത്തുകമാത്രമല്ല പുനരുജ്ജീവിപ്പിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക എന്നതാണ്.

പടിഞ്ഞാറന്‍ സാമ്പത്തിക കുത്തകകളുടെ (ജനങ്ങളുടെയല്ല) സൃഷ്ടിയായ ഉദാരീകരണത്തെ പരിരംഭണംചെയ്യുന്ന ഇന്ത്യന്‍ വലതുപക്ഷവും ഇപ്പോഴത്തെ ദേശീയ ഭരണസംവിധാനവും ഒരു മധ്യമാര്‍ഗമായ നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് ചട്ടക്കൂടിനെയും രാഷ്ട്രീയ, സാമ്പത്തിക പരിപ്രേക്ഷ്യത്തെയും മിക്കവാറും തകര്‍ത്തുകഴിഞ്ഞ സ്ഥിതിയാണിപ്പോള്‍. ഈയൊരു പശ്ചാത്തലത്തില്‍ അടിയന്തരമായി വേണ്ടത് വിശാല ഇടതുപക്ഷ, ജനാധിപത്യ ഇടത്തെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ തങ്ങള്‍ യോജിക്കുന്നതും അല്ലാത്തതുമായ ചിന്തകളും വീക്ഷണങ്ങളും ബദല്‍ മാര്‍ഗങ്ങളും പഠിക്കാനും അതേക്കുറിച്ച് സംവാദം നടത്താനും പറ്റിയ അവസരങ്ങള്‍ ഉപയോഗിക്കണം, ഉണ്ടാക്കണം. സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ജനവിശ്വാസം കുറഞ്ഞുവരുന്ന ഇടുങ്ങിയ കക്ഷിരാഷ്ട്രീയചിന്തകള്‍ക്കതീതമായ സംഘടനകളുടെയും അറിവും ദര്‍ശനവുംകൊണ്ട് വിശിഷ്ടരായ വ്യക്തികളുടെയും പങ്കാളിത്തം ഉറപ്പാക്കണം. സംഘടനാപരമായും ആശയപരമായും ജനപക്ഷമാതൃകകള്‍ രൂപവത്കരിക്കണമെങ്കില്‍ ധിഷണാശക്തിയുള്ള ചിന്തകളും വീക്ഷണങ്ങളും ചര്‍ച്ചചെയ്യണം. ആസ്ഥാനവിദ്വാന്മാരെമാത്രം ഉള്‍ക്കൊള്ളിച്ചുള്ള സംവാദങ്ങള്‍ക്കൊണ്ട് ഇന്നത്തെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കില്ല.

ചുരുക്കത്തില്‍, ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ വാലാണെന്നുപറഞ്ഞ് ആക്ഷേപിക്കുന്ന പ്രതികൂല സംസ്‌കാരം സമൂഹത്തെ മുന്നോട്ടുകൊണ്ടുപോവില്ല. നിലപാടുകളാണ് പ്രധാനം. ഒരു ശാസ്ത്രപ്രസ്ഥാനം എന്ന നിലയില്‍ ജനപക്ഷത്തുനിന്നുകൊണ്ട് അറിവിന്റെയും പഠനത്തിന്റെയും സഹായത്തോടെ എടുത്ത പല നിലപാടുകളും (ഉദാ: സൈലന്റ്‌വാലി, ജലമലിനീകരണം, സ്വാശ്രയ കോളേജുകള്‍ എന്ന കച്ചവട സ്ഥാപനങ്ങള്‍, അതിരപ്പിള്ളി, ആരോഗ്യരംഗത്തെ സ്വകാര്യവത്കരണം, ഭൂമി ഒരു പൊതുസ്വത്ത്) മിക്ക രാഷ്ട്രീയകക്ഷികള്‍ക്കും ദഹിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെവരുമ്പോള്‍ പരിഷത്ത് എന്നത് സമൂഹത്തിലെ ഒരു ബദല്‍ പ്രതിരോധശക്തി (Countervailing Power) യായിത്തീരുന്നു. അതുതന്നെയാണ് ഇത്തരം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സ്വാഭാവികയിടവും ചുമതലയും. ദൈവംതമ്പുരാന്‍വന്ന് ഭരിച്ചാലും ഒരു ബദല്‍ പ്രതിരോധശക്തിവേണം.

കൈകാര്യംചെയ്യേണ്ട വിഷയങ്ങള്‍


പല പ്രധാന വികസനവിഷയങ്ങളിലും പരിഷത്തിന് സംവാദം നടത്താനും അവയെ ജനകീയവത്കരിക്കാനും സാധിച്ചിട്ടുണ്ടെങ്കിലും ജനകീയശാസ്ത്രപ്രസ്ഥാനം എന്ന നിലയ്ക്ക് ശക്തമായി കൈകാര്യംചെയ്യാന്‍ സാധിക്കാതെവന്ന വിഷയങ്ങളും മേഖലകളുമുണ്ട്. അതിലൊന്നാണ് ചുരുങ്ങിവരുന്ന പൊതുയിടം. അതിന്റെ ഭാഗമാണ് പൊതുസമ്പദ്‌വ്യവസ്ഥ, പൊതുമേഖലയുടെ തളര്‍ച്ചയും തകര്‍ച്ചയും എന്നീ വിഷയങ്ങള്‍. വേറൊന്നാണ് പ്രവാസികേരളം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് 1976 മുതല്‍ തുടര്‍ച്ചയായി പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പരിഷത്ത് പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ചും പ്രവാസി പണത്തിന്റെ പരിണതഫലങ്ങളെക്കുറിച്ചും കാര്യമായി പഠിക്കുകയോ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ശ്രമിച്ചിട്ടും കാര്യമായി ഇടപെടാന്‍ കഴിയാതെവന്ന മറ്റൊരു വിഷയമാണ് കേരളസമൂഹത്തിലെ സ്ത്രീകളുടെ പദവിയും പങ്കാളിത്തവും.

ഇതിനെല്ലാമുപരി പരിഷത്തിനെയും പരിഷത്തിന്റെ സുഹൃത്തുക്കളെയും വിഷമിപ്പിക്കുന്ന അല്ലെങ്കില്‍ വിഷമിപ്പിക്കേണ്ട ഒരു പ്രധാനകാര്യം യുവതലമുറയെ എങ്ങനെ സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താം എന്നതാണ്. വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ (.ടി., .സി.ടി., ബയോടെക്‌നോളജി എന്നിവ) എന്നുപറയുന്ന പുതുമേഖലയിലുള്ള ചെറുപ്പക്കാരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ പറ്റുന്നുണ്ടോ? ഉദാരീകരണത്തിന്റെ സന്തതികളായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള അനേകം യുവതീയുവാക്കളെ എങ്ങനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നത് വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. വ്യക്തികളെപ്പോലെ സംഘടനകള്‍ക്കും ജരാനരകള്‍ സംഭവിക്കുന്നു. ഈ കാലഘട്ടത്തിന്റെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വേണ്ടത് ഒരു സ്വയംനവീകരണം (Self Renewal) എന്ന തന്ത്രമാണ്. അതിനുള്ള ശാസ്ത്രം ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുതന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് എന്റെ പ്രത്യാശ.